ഹേമചന്ദ്രനെ അത്യാഹിത വിഭാഗത്തിനു മുൻപിലേക്ക് എത്തിച്ചത് 'അജ്‌ഞാത' സ്ത്രീശബ്ദം
കോഴിക്കോട്: വയനാട് അതിർത്തിയോടുചേർന്നുള്ള തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കൊന്ന് കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത് പെൺസുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണെന്ന് കസ്റ്റഡിയിലെടുത്തയാളുടെ മൊഴി.
2024 മാർച്ച് 20-ന് വൈകീട്ട് മൂന്നുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ മായനാട് നടപ്പാലത്തുള്ള വാടകവീട്ടിൽനിന്ന് ഹേമചന്ദ്രൻ പുറത്തേക്കിറങ്ങിയത്.
പെൺസുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ച് മെഡിക്കൽ കോളേജിന് സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേർ കാറിൽ കൂട്ടിക്കൊണ്ടുപോയി.
സാമ്പത്തികത്തർക്കവുമായി ബന്ധപ്പെട്ട് പ്രതികൾ ഹേമചന്ദ്രനെ വയനാട്ടിലെ ഒളിത്താവളത്തിൽ എത്തിച്ച് മർദിച്ചതായും അവശനിലയിലായതിനെത്തുടർന്ന് മുറിയിൽ പൂട്ടിയിടുകയും ചെയ്‌തതായാണ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്.
അടുത്തദിവസം മുറിയിലെത്തിയപ്പോൾ ഹേമചന്ദ്രനെ മരിച്ചതായി കണ്ടെന്നും ഇതോടെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിലെത്തിച്ച് കുഴിച്ചുമൂടിയെന്നുമാണ് മൊഴി. സുൽത്താൻബത്തേരിയിലും പരിസരങ്ങളിലുമായി റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിയിരുന്ന ഹേമചന്ദ്രൻ, വിവാഹത്തിനുശേഷമാണ് വാടകവീടെടുത്ത് കോഴിക്കോട്ടെത്തിയത്.
പരേതരായ സുൽത്താൻബത്തേരി പൂമല ചെട്ടിമൂലയിലെ കുഞ്ഞിക്കണ്ണന്റെയും പാറപ്പുറത്തുവീട്ടിൽ വിജയലക്ഷിയുടെയും മൂത്തമകനാണ് ഹേമചന്ദ്രൻ. സഹോദരിമാർ: പ്രസീത, ശ്രീജ (കൊട്ടിയൂർ).

Comments
Post a Comment