പ്രത്യാശയുടെ പ്രകാശ നക്ഷത്രം ഇനി ഓർമ്മ; ഫ്രാൻസിസ് മാർപാപ്പയ്ക്ക് സെന്റ് മേരി ബസിലിക്കയിൽ നിത്യവിശ്രമം
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട നൽകി ലോകം
വത്തിക്കാൻ സിറ്റി: വിശുദ്ധിയുടെ ഇളംതണുപ്പു പടർന്നുകിടന്ന സാന്താ മരിയ മജോറെയുടെ അകത്തളത്തിൽ അമ്മ കാത്തിരിക്കുകയായിരുന്നു, പ്രിയപ്പെട്ട മകന്റെ വരവിനായി. അംഗരക്ഷകരുടെ ചുമലിലെ ലളിതമായ തടിപ്പേടകത്തിൽ നിത്യനിദ്രയിലാണ്ട് മകനെത്തിയപ്പോൾ, ബസിലിക്കയ്ക്കു പുറത്ത്, പ്രാർഥനയാൽ വിറകൊള്ളുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളുമായി ലോകമതിനു സാക്ഷിയായി; അത്യുന്നതങ്ങളിൽ മാലാഖമാരും. തന്റെ എല്ലാ യാത്രകളും തുടങ്ങുകയും അവസാനിക്കുകയും ചെയ്തിരുന്ന അമ്മയുടെ മടിത്തട്ടിൽ ഇനി പാപ്പായ്ക്ക് നിത്യവിശ്രമം.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെയാണ് സംസ്കാരച്ചടങ്ങുകൾ തുടങ്ങിയത്. ഇതിനു ശേഷം വിലാപയാത്രയായി പാപ്പയുടെ ഭൗതികശരീരം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോയി. വലിയ ഇടയനെ അവസാനമായി കാണാൻ ചത്വരത്തിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു. 170 ലോകരാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിന് സാക്ഷിയാകാൻ എത്തി.
കർദിനാൾ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെയാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്‌കാരച്ചടങ്ങിൽ സഹകാർമികരായി.
പതിനായിരങ്ങൾ അണമുറിയാതെ എത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ
അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത്പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും
പേടകത്തിനുള്ളിൽ വച്ചു.
കത്തോലിക്കാ സഭയുടെ കാമർലെംഗോയും (വസ്തുവകകളുടെ ചുമതലക്കാരൻ) അമേരിക്കയിൽ നിന്നുള്ള കർദിനാളുമായ കെവിൻ ഫാരലിന്റെ മുഖ്യകാർമികത്വത്തിൽ, മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാനായി എത്തി.
സംസ്കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു.
മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പ തന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടുനിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചു.

Comments
Post a Comment