താമരശേരിയിൽ കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പഴ്സ് തിരിച്ചേൽപ്പിച്ചു; പത്തരമാറ്റ് സത്യസന്ധത
താമരശേരി : വിശന്ന വയറുമായി നടക്കുമ്പോഴും കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സിനേക്കാൾ വലുതാണ് കുമാറിന് സത്യസന്ധത. ജോലി അന്വേഷിച്ച് ഒട്ടിയവയറുമായി നടന്ന ട്രിച്ചി സ്വദേശി ഇരുപതിയേഴുകാരൻ കുമാറാണ് കാപട്യം നിറഞ്ഞലോകത്തിൽ മാതൃകയായത്. സംഭവം നടക്കുന്നത് കോഴിക്കോട് താമരശേരിയിലാണ്.
തമിഴ്നാട്ടിൽ നിന്ന് ജോലി അന്വേഷിച്ചാണ് കുമാർ താമരശേരിയിൽ എത്തിയത്. അച്‌ഛൻ മരിച്ചുപോയി. പ്രായമായ അമ്മ മാത്രമാണ് സ്വന്തമെന്ന് പറയാനായി കുമാറിനുള്ളത്. ജീവിതപ്രാരാബ്ധങ്ങൾക്ക് പരിഹാരം കാണാനാണ് ട്രിച്ചിയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. ഊട്ടിയും, ഗൂഡല്ലൂരിലും, ബത്തേരിയിലുമെല്ലാം ജോലി തേടി. കൈയിലുണ്ടായിരുന്ന പണം തീർന്നതോടെ ബത്തേരിയിൽ നിന്ന് ലോറിയിൽ കയറി താമരശേരിയിൽ ഇറങ്ങുകയായിരുന്നു.
കൈയിൽ പണമില്ലാതെ വിശന്ന് റോഡിലൂടെ നടക്കുമ്പോഴാണ് ഒരു വാച്ച് കടയ്ക്ക് സമീപത്ത് നിന്ന് കുമാറിന് പേഴ്സ് ലഭിക്കുന്നത്. കളഞ്ഞുകിട്ടിയ പേഴ്സ് കുമാർ വാച്ച് കടക്കാരനെ ഏൽപ്പിച്ചു. കടയുടമ പേഴ്സ് പരിശോധിച്ചപ്പോഴാണ് ഒന്നരപവന്റെ സ്വർണാഭരണങ്ങൾ കണ്ടത്. സമീപത്തെ ജ്വലറിയിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് മനസിലാക്കിയ കടക്കാരൻ പേഴ്സിന്റെ ഉടമസ്‌ഥയെ കണ്ടെത്തി വിവരമറിയിച്ചു. തുടർന്ന് ഉടമസ്‌ഥയായ ചമൽ പിള്ളച്ചിറ സ്വദേശി എൽസിയെത്തി പേഴ്സ് തിരികെ വാങ്ങുകയായിരുന്നു. എൽസി വാച്ച് കടയ്ക്ക് സമീപം കാർ നിർത്തിയിട്ടാണ് സ്വർണക്കടയിലേക്ക് പോയത്. തിരികെ വന്ന് കാറിൽ കയറുമ്പോഴാണ് പേഴ്‌സ് നഷ്‌ടമായതെന്ന് എൽസി പറഞ്ഞു.
കുമാറാണ് പേഴ്സ്‌സ് സന്തോഷപൂർവം എൽസിക്ക് തിരികെ നൽകിയത്. ആ സന്തോഷത്തിൽ തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തുക എൽസി കുമാറിന് നൽകി. അയാൾ ആഹാരം കഴിച്ചില്ലെന്ന് മനസിലാക്കിയ സ്വർണക്കടക്കാരൻ ആഹാരവും വാങ്ങി കൊടുത്തു. വയറും മനസും ഒരുപോലെ നിറഞ്ഞ കുമാർ തിരികെ നാട്ടിലേക്ക് മടങ്ങി.

Comments
Post a Comment