ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലുമില്ല, 27-ാം വയസിൽ ഭാരം 21 കിലോ; സ്ത്രീധനത്തിന്റെ പേരിൽ നടന്ന അരുംകൊല
സ്ത്രീധനത്തിനായി ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന രാജ്യത്തെ ആദ്യകേസ്
കുഞ്ഞുങ്ങളെ ലാളിക്കുന്നതിന് പോലും അവൾക്ക് ആ വീട്ടിൽ വിലക്കായിരുന്നു
അഞ്ച് വർഷത്തിലധികം നീണ്ട ക്രൂരപീഡനങ്ങൾക്കൊടുവിലായിരുന്നു കൊല്ലം പൂയപ്പള്ളിയിൽ തുഷാരയെന്ന 27-കാരി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിൻ്റെ പേരിൽ നടന്ന അരുംകൊല... ഭർത്താവും വീട്ടുകാരും ചേർന്നാണ് തുഷാരയെ പട്ടിണിക്കിട്ടാണ് കൊലപ്പെടുത്തിയത്. വിവാഹ ശേഷം സ്വന്തം മാതാപിതാക്കളെ കാണാൻ അവളെ ഭർത്താവും കുടുംബവും അനുവദിച്ചിരുന്നില്ല. കുഞ്ഞുങ്ങളെ ലാളിക്കുന്നതിന് പോലും അവൾക്ക് ആ വീട്ടിൽ വിലക്കായിരുന്നു.
2013ലായിരുന്നു കരുനാഗപ്പിള്ളി സ്വദേശി തുഷാരയുടെയും പൂയപ്പള്ളി ചാരുവിള വീട്ടിൽ ചന്തുലാലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ തുഷാരയ്ക്ക് ക്രൂരപീഡനമായിരുന്നു ഭർത്താവിന്റെയും ഭർതൃകുടുംബത്തിൻ്റെയും ഭാഗത്തുനിന്ന് സ്ത്രീധനത്തിൻ്റെ പേരിൽ നേരിടേണ്ടി വന്നത്. സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ പോലും അവൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വീട്ടുകാരുമായുള്ള ബന്ധം പൂർണമായി നിരസിക്കപ്പെട്ടു.
രണ്ട് പെൺകുട്ടികളാണ് തുഷാരയ്ക്കുണ്ടായിരുന്നത്. അവരെ സ്നേഹിക്കാൻ പോലും അനുവദിക്കാതെ, ഭക്ഷണം നൽകാതെ, പുറത്തിറങ്ങാൻ അനുവദിക്കാതെ അവളാ വീട്ടിൽ തളയ്ക്കപ്പെട്ടു. തുഷാരയുടെ വീട്ടുകാർക്കും കുട്ടികളെ കാണാൻ അനുവാദമുണ്ടായിരുന്നില്ല.
തുഷാരയുടെ മകളെ നഴ്‌സറിയിൽ ചേർത്തപ്പോൾ അധ്യാപിക അമ്മയെ അഭാവത്തെ കുറിച്ച് അന്വേഷിച്ചു. കുട്ടിയുടെ അമ്മ കിടപ്പുരോഗിയാണെന്നായിരുന്നു പ്രതികൾ നൽകിയ മറുപടി. മാത്രമല്ല രണ്ടാം പ്രതിയായ ഗീതയുടെ (ചന്തുലാലിന്റെ അമ്മ) പേരാണ് അമ്മയുടെ പേരായി നഴ്സറിയിൽ ഉൾപ്പടെ പറഞ്ഞിരുന്നത്.
അഞ്ചര വർഷം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവിൽ തുഷാര മരണത്തിന് കീഴടങ്ങി. 2019 മാർച്ച് 21-ന് രാത്രിയാണ് തുഷാരയുടെ മരണവിവരം പുറംലോകം അറിയുന്നത്. വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ഉൾപ്പടെയുള്ള ബന്ധുക്കൾ കണ്ടത് തുഷാരയുടെ ശോഷിച്ച മൃതദേഹമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. തുഷാരയുടെ അമാശയത്തിൽ ഭക്ഷണത്തിൻ് അംശം പോലും ഉണ്ടായിരുന്നില്ല. 27-ാം വയസിൽ അവളുടെ ഭാരം വെളും 21 കിലോഗ്രാമായിരുന്നു. വയർ ഒട്ടി വാരിയെല്ല് തെളിഞ്ഞ നിലയിലായിരുന്നു. രോഗിയായ തുഷാര ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് ചന്തുലാൽ പൊലീസിനോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂരകൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ശാസ്ത്രീയ തെളിവുകളും അയൽക്കാരടെയും തുഷാരയുടെ മൂന്നരവയസുള്ള മകളുടെയും അധ്യാപികയുടെയും ഉൾപ്പടെ മൊഴികൾ പ്രതികൾക്ക് നേരെ വിരൽചൂണ്ടുന്നതായിരുന്നു. തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവും ഭർതൃമാതാവും തുഷാരയെ സ്ഥിരം മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സമീപവാസികൾ അന്ന് പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നൽകിയിരുന്നതെന്നും മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
കേസിൽ ചന്തുലാലും ഗീതയും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത കഴിഞ്ഞ ദിവസമാണ്. ജഡ്‌ജി എസ് സുഭാഷാണ് ഇരുവരും കുറ്റക്കാരെന്ന് വിധിച്ചത്. ഇന്ത്യയിൽ തന്നെ ഇത്തരം കേസ് ആദ്യ സംഭവമായിരിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. കേസിൽ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊലപാതകം, സ്ത്രീധന പീഡനം, അന്യായമായി തടങ്കലിൽ വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. കോടതിയിൽ 23 സാക്ഷികളെ വിസ്‌തരിച്ചു. 35 പ്രോസിക്യൂഷൻ രേഖകൾ ഹാജരാക്കി. സാക്ഷിമൊഴികളും മെഡിക്കൽ റിപ്പോർട്ടുകളും കേസിൽ നിർണായകമായെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. ചന്തുലാലിൻ്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ ഒന്നര വർഷം മുമ്പ് ഇത്തിക്കര ആറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരുന്നു.

Comments
Post a Comment