പഠന സന്ദർശനത്തിനെത്തി ജീവൻ രക്ഷകരായി
തൃശ്ശൂർ: നഴ്‌സിങ് പഠനത്തിന്റെ ഭാഗമായുള്ള ഫീൽഡ് സന്ദർശനത്തിനിടെ വീട്ടിൽ ബോധരഹിതയായിക്കിട ന്ന സ്ത്രീയുടെ ജീവൻ രക്ഷിച്ച് ആറു വിദ്യാർഥികൾ. തൃശ്ശൂർ എലൈറ്റ് നഴ്‌സിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥി കളാണ് കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ് പ്രാക്ടിക്കൽ പരിശീലനത്തിനിടെ അപൂർവ രക്ഷാപ്രവർത്തനം നടത്തിയത്.
പാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടുത്തുള്ള വീടുകളിലായിരുന്നു വ്യാഴാഴ്ച ഇവരുടെ സന്ദർശനം. വീടുകളിൽ ആരോഗ്യ വിവരങ്ങളന്വേഷിക്കാൻ വിദ്യാർഥിസംഘം പോയി. ഒരു വീട്ടിൽ ആറു വയസ്സിൽ താഴെയുള്ള രണ്ടു കുട്ടികളെ മാത്രം കണ്ടു. വീട്ടിൽ വേറെ ആളില്ലേയെന്ന് ചോദിച്ചപ്പോൾ, അമ്മമ്മ മീൻ കഴുകിയ ശേഷം അടുക്കളയിൽ ഉറങ്ങുന്നുണ്ടെന്നായിരുന്നു കുട്ടികളുടെ മറുപടി.
സംശയംതോന്നി വിദ്യാർഥികളിലൊരാൾ അടുക്കളയിൽ കയറി. അവിടെ അബോധാവസ്ഥയിൽ കിടക്കുന്നുണ്ടായിരുന്നു പ്രായമായ സ്ത്രീ. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്ന് കണ്ടെത്തി. സമീപത്തെ കടയുടമയുടെ സഹായത്തോടെ ഇവരുടെ മകനെ വിവരം അറിയിച്ച വിദ്യാർഥികൾ സ്ത്രീയെ ഓട്ടോറിക്ഷയിൽക്കയറ്റി അമ്മാടം ഫാമിലി ഹെൽത്ത് സെന്ററിലെത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 21 ആയിരുന്നു. യഥാസമയം മരുന്നു കിട്ടി ഉഷാറായ അമ്മയെ മകനെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആൽബർട്ട് ജെ. താനിക്കുളം, ആഗ്നാ ജെറി,ബി.എസ്. ആനി, പി.ബി. അർച്ചന,കെ. എസ്. അക്ഷിത, അക്ഷയാ ബിനു എന്നീ വിദ്യാർഥികളാണ് അവസരോചിതമായി പ്രവർത്തിച്ചത്.

Comments
Post a Comment