മകളുടെ ഫീസടയ്ക്കാൻ ഓട്ടോ വിറ്റു ; കാരണമറിഞ്ഞ കോളേജ് അധികൃതർ , ഓട്ടോ തിരിച്ചുവാങ്ങി നൽകി കോളേജ്.
ജീവിതമാർഗമായ ഓട്ടോ വിറ്റ് മകളുടെ ഫീസടച്ച അച്ഛൻ്റെ മനസ്സുവായിക്കാൻ ഗോകുൽ എന്ന കോളേജ് ചെയർമാന് ഒരുനിമിഷംപോലും വേണ്ടിവന്നില്ല. അച്ഛനെയും മകളെയും ഓഫീസിലേക്ക് വിളിപ്പിച്ചു. വിറ്റ ഓട്ടോ മടക്കിവാങ്ങി നൽകി. കുട്ടിയുടെ പഠനം സൗജന്യവുമാക്കി.
കാഞ്ഞിരപ്പള്ളി ചേനപ്പാടി ഹിന്ദുസ്ഥാൻ ഫാർമസി കോളേജിലെ ബിഫാം വിദ്യാർഥിനിയായ മകൾക്ക് ഫീസടയ്ക്കാൻ വഴിയില്ലാതെ വന്നതോടെയാണ് മുണ്ടക്കയം നെന്മേനി മുത്തുഭവനിലെ എം.എം. സോമൻ ഓട്ടോ വിൽക്കാൻ തീരുമാനിച്ചത്. കൂട്ടുകാരൻ ലൈജു പി. ജോണിന് വണ്ടി വിറ്റു. ഒരു ഇളവുമാത്രം ചോദിച്ചു. വണ്ടി വാടകയ്ക് ഓടാൻ തരണം. സമ്മതവും കിട്ടി.
നേരേ കോളേജിലേക്ക്. കൗണ്ടറിൽ പണമടയ്ക്കുമ്പോൾ അക്കൗണ്ടന്റ് ജി.ശ്രീകുമാറിനോട് താൻ പണം കണ്ടെത്തിയ വഴി ചെറുതായൊന്ന് സൂചിപ്പിച്ചു. മകൾക്ക് ഇക്കാര്യമൊന്നും അറിയില്ലെന്നും പറഞ്ഞു.
ശ്രീകുമാറിന് മനസ്സുനൊന്തു. അദ്ദേഹം ഈ വിവരം കോളേജ് ചെയർമാൻ ജി. ഗോകുലിനെ അറിയിച്ചു. കോളേജ് ജീവനക്കാരെ അയച്ച് സോമൻ് ഓട്ടോ മടക്കിവാങ്ങാനുള്ള ഏർപ്പാട് ഗോകുലിന്റെ നേതൃത്വത്തിൽ ചെയ്‌തു. പിന്നീട്, കോളേജ് അധികൃതർ അറിയിച്ചതനുസരിച്ച് സോമനും മകളും കോളേജിലെത്തിയപ്പോൾ ലൈജുവും ഓഫീസിലുണ്ട്. എല്ലാവർക്കും അദ്ഭുതം. ഗോകുൽ ഓട്ടോവിലയായ ഒന്നേകാൽ ലക്ഷം രൂപ ലൈജുവിനെ ഏൽപ്പിച്ചു.

Comments
Post a Comment