പേരാമ്പ്ര പെരുമയുടെ പെരുമ്പറ മുഴക്കി നാളെ മുതൽ പേരാമ്പ്ര ഫെസ്റ്റ്




പേരാമ്പ്ര : പേരാമ്പ്ര പെരുമ എന്നത് സ്ഥിരം ബ്രാന്റായി നിലനിർത്തുന്നതിന് തുടക്കം കുറിക്കുന്ന പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഫെസ്റ്റ് പേരാമ്പ്ര പെരുമക്ക് നാളെ തുടക്കമാവുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 1 മുതൽ 12 വരെ പേരാമ്പ്രയുടെ ദിനരാത്രങ്ങൾക്ക് ഉത്സവഛായ പകർന്ന് പേരാമ്പ്ര പെരുമ നിറഞ്ഞാടും. കലയുടെയും സാഹിത്യത്തിന്റെയും വേദികൾ നാടിനെ പുളകം കൊളളിക്കുമ്പോൾ സാധാരണക്കാരന്റെ ഉല്പന്നങ്ങൾക്ക് വിപണി ഒരുക്കാനും വ്യാപാര മേഖലയെ കൈ പിടിച്ചുയർത്താനും പേരാമ്പ്ര പെരുമ ലക്ഷ്യമിടുന്നു.

സർവ്വ മേഖലകളിലുമുള്ള പേരാമ്പ്രയുടെ പെരുമ വിളിച്ചോതി പേരാമ്പ്ര ഇതുവരെ കണ്ടതിനപ്പുറം കാഴ്ചയുടെയും കേൾവിയുടെയും വിസ്‌മിയിപ്പിക്കുന്ന അനുഭവങ്ങളുമായാണ് പേരാമ്പ്ര പെരുമയ്ക്ക് തിരശ്ശീല ഉയരുന്നത്. സിനിമ നാടക സാഹിത്യ കലാ രംഗത്ത് രാജ്യത്തുതന്നെ ശ്രദ്ധിക്കപ്പെട്ട കലാകാരന്മാരും സംഘങ്ങളുമാണ് തങ്ങളുടെ ഏറ്റവും മികച്ച പരിപാടികളുമായി പേരാമ്പ്രയിൽ എത്തുന്നത്. പേരാമ്പ്ര ടി ബി റോഡിൽ കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് പിൻഭാഗത്തായി ഒരുക്കുന്ന പ്രധാന വേദിയിലാണ് കലാ മാമാങ്കത്തിന് കേളികൊട്ടുയരുന്നത്. പേരാമ്പ്ര ഇതുവരെ കാണാത്തെ സമ്മോഹനമായ അനുഭവമായി പേരാമ്പ്ര ഫെസ്റ്റിനെ മാറ്റുമെന്ന് സംഘാടകർ അറിയിച്ചു.

നാളെ വൈകിട്ട് 6 മണിക്ക് നടക്കുന്നകുട്ടികളുടെ നാടകോത്സവത്തോടെയാണ് ഫെസ്റ്റ് തുടക്കം കുറിക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടിയ ശ്വാസം, ഏറ്റം, കൊക്കേ കൊക്കേ ക്കോ എന്നീ മൂന്നു നാടകങ്ങൾ നാളെ അരങ്ങേറും. ഏപ്രിൽ 2 ബുധൻ വൈകിട്ട് 6.30 ന് വി ടി മുരളി നയിക്കുന്ന ഗാനമേള.

പരിപാടി പ്രസിദ്ധ ഗായിക ദലീമ എംഎൽഎ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകിട്ട് 6 30ന് ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിന്റെ ബിഗ് ബജറ്റ് നാടകം നാടൻ മോക്ഷം അരങ്ങേറും. നാലിന് വൈകിട്ട് വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന ഡാൻസ് പെരുമ, അഞ്ചിന് വൈകിട്ട് ആറുമണിക്ക് യൂമ്ന അജിൻ നയിക്കുന്ന മ്യൂസിക് ബാൻഡ്, ആറിന് വൈകിട്ട് ഏഴിന് കുടുംബശ്രീ ഫെസ്റ്റ് എന്നിവ നടക്കും.

ഏപ്രിൽ ഏഴ് തിങ്കളാഴ്‌ച വൈകിട്ട്

ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടന കർമ്മംനടക്കും. വൈകിട്ട് വർണ്ണാഭമായ ഘോഷയാത്രയും തുടർന്ന് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. പ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ് പരിപാടിയിൽ മുഖ്യാതിഥിയാവും. തുടർന്ന് മലയാളിയുടെ ഹൃദയ താളമായി മാറിയ ശ്രീമതി സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.

ഏപ്രിൽ എട്ടിന് വൈകിട്ട് ഏഴിന് യുവതലമുറയുടെ ഹരമായി മാറിയ ഏഷ്യൻ ഡ്രാഗൺ ഡാൻസ് ടീംഅവതരിപ്പിക്കുന്ന ഡാൻസ് ഓൺ വീൽസ് പേരാമ്പ്രക്കൊപ്പം നൃത്തം ചെയ്യും. 9 ന് വൈകുന്നേരം 7 മണിക്ക് നാട്ടു നാട്ടു ഫെയിം ഗായകൻ യാസിൻ നിസാറിന്റെ നേതൃത്വത്തിലുള്ള കലാ കേരളം അരങ്ങത്തെത്തും. ഏപ്രിൽ 10 വൈകിട്ട് 5 മണിക്ക് ആയോധനകലയുടെ അടവുകൾ കലർന്ന വ്യതിരിക്തമായ നൃത്തച്ചുവടുകൾ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മ‌യിപ്പിച്ച ചലച്ചിത്ര നടി റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന നൃത്ത പ്രകടനം.

11ന് വൈകിട്ട് 7 മണിക്ക് ഹനാൻ ഷാ ആന്റ് ബാന്റും, അവസാന ദിവസമായ 12ന് വൈകുന്നേരം ഏഴുമണിക്ക് ആട്ടം തേക്കിൻ കാട് അവതരിപ്പിക്കുന്ന ബാന്റ് പെർഫോമൻസും അരങ്ങേറും. പേരാമ്പ്ര ഒരുമയുടെ അനുബന്ധ പരിപാടികൾക്ക് ഇതിനകം തുടക്കം കുറിച്ചതായും നാട്ടുകാരുടെയും വ്യാപാരികളുടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരുടെയും നിർലോഭമായ പിന്തുണയോടെ ഫുട്ബോളിന്റെ ലഹരി സമ്മാനിക്കുന്ന മഡ് ഫുട്ബോൾ, ചലച്ചിത്രോത്സവം, ചിത്ര പെരുമ എന്ന പേരിൽ ചിത്രരചന ക്യാമ്പും ചിത്ര പ്രദർശനവും മെഹന്തി ഫെസ്റ്റ് എന്നിവ ഇതിനോടകം നടത്തി കഴിഞ്ഞു.

പേരാമ്പ്രയിലും പരിസരത്തും ഉള്ള വിദ്യാർത്ഥികൾക്കു് തൊഴിലിനെ കുറിച്ചുള്ള കൃത്യമായ അവബോധം നൽകുന്ന കരിയർ ഫെസ്റ്റ്, സാഹിത്യോത്സവം, മെഗാമെഡിക്കൽ എക്സിബിഷൻ, കുടുംബശ്രീ വിപണമേള, കാർഷിക വിപണനമേള, റോബോട്ടിക് ഷോ, പെറ്റ് ആൻഡ് ആനിമൽ ഷോ, അമ്യൂസ്മെന്റ് ഷോ, മാധ്യമ സെമിനാർ, ഫുഡ് ഫെസ്റ്റ്, ലഹരിക്കെതിരെ മിനി മാരത്തോൺ, അലങ്കാര മത്സ്യ പ്രദർശനം, പേരാമ്പ്രയുടെ പോയ കാലത്തിന്റെ കഥ പറയുന്ന പേരാമ്പ്ര ചന്തയും പെരുമയുടെ ഭാഗമായി നടക്കും.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ പേരാമ്പ്ര പെരുമ സംഘാടക സമിതി ജനറൽ കൺവീനർ എസ്.കെ. ചെയർമാൻ വി.കെ. പ്രമോദ്, ട്രഷറർ കെ.എം റീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, മിനി പൊൻപറ, കെ.കെ പ്രേമൻ, സംഘാടക സമിതി ഭാരവാഹികളായ ഹർഷൻ തിരുവോത്ത്, വി.എം. ശ്രീനി, അഭിലാഷ് തിരുവോത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൽ.കെ ഷിജു എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി