Fr. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണ്ണമെൻ്റ് ...അൽപ്പം ചരിത്രം ..
അൽപ്പം ചരിത്രം ..
ഒ.ആർ. അബ്രാഹം സാർ
✒️ സന്ദീപ് കളപ്പുരയ്ക്കൽ
കൂരാച്ചുണ്ട് : നൂറ് ഗോളുകൾ പിറക്കുന്ന ലോകകപ്പിലും ആദ്യത്തെ കിക്കെടുക്കുന്ന കളിക്കാരനാണ് ഹീറോ. റവ.ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റിലെ ആദ്യകാല സെക്രട്ടറിയെന്ന നിലയ്ക്കാണ് ഒ.ആർ. അബ്രാഹം സാറിനെ കല്ലാനോട് പ്രദേശത്തെ ഫുട്ബോൾ ആരാധകർ കൈയടിയോടെ സ്മരിക്കുന്നത്.
1957മുതൽ 1967വരെ കല്ലാനോട് സെൻറ് മേരീസ് പള്ളി വികാരിയായിരുന്ന വട്ടുകുളത്തച്ചൻടെ ഓർമയ്ക്കായി ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിച്ചത് 1983ലാണ്. തുടക്കം മുതൽ തുടർച്ചയായി ഏഴ് വർഷം സ്റ്റാൻറിങ്ങ് കമ്മിറ്റി സെക്രട്ടറിയായിരുന്നു അബ്രാഹം സാർ. ഗ്രാമീണ മേഖലയിലെ കായികപ്രേമികളെ കോർത്തിണക്കി ടൂർണമെൻറിന് വിജയകരമായ അടിത്തറ ഒരുക്കാൻ ഇദേഹത്തിന് സാധിച്ചു.
കല്ലാനോട് പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിവരുന്ന ടൂർണമെൻറിൽ പ്രാദേശിക ടീമുകൾക്കൊപ്പം നഗരപ്രദേശത്തെ ക്ലബുകളെയും കോളേജുകളെയും പങ്കെടുപ്പിക്കാൻ സാർ മുൻകൈയെടുത്തു. ടൂർണമെൻറിനെ പ്രഫഷണൽ മികവുള്ളതാക്കാൻ കോഴിക്കോട് ഭാഗത്തു നിന്നുള്ള പ്രമുഖരെ അതിഥികളാക്കാനും പ്രത്യേക താത്പര്യം കാണിച്ചു.
വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽനിന്ന് ടൂർണമെൻറിനുള്ള വരുമാനമുണ്ടാക്കാമെന്ന് മനസിലാക്കി അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് സാർ സെക്രട്ടറി ആയിരിക്കുമ്പോഴാണ്. ഗ്രാമീണ മേഖലയിൽ വിനോദോപാധികൾ സജീവമല്ലാതിരുന്ന കാലത്ത് കുടിയേറ്റ ജനതയുടെ ഏറ്റവും വലിയ ആഘോഷവും ആഹ്ലാദവും ഈ ടൂർണമെൻറ് ആയിരുന്നുവെന്ന് ഇദേഹം ഓർക്കുന്നു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ടുപയോഗിച്ച് ടൂർണമെൻറ് നടക്കുന്ന ജൂബിലി സ്റ്റേഡിയം നവീകരിച്ച രണ്ടു ഘട്ടത്തിലും സാറായിരുന്നു നിർമാണ കമ്മിറ്റി സെക്രട്ടറി. കല്ലാനോട് പ്രവർത്തിക്കുന്ന യംഗ്സെറ്റ്ലേഴ്സ് ക്ലബ്, പബ്ലിക് ലൈബ്രറി എന്നിവയുടെ പ്രവർത്തനങ്ങളിലും നേതൃത്വപരമായ പങ്ക് വഹിച്ചു. 5വർഷക്കാലം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു.
കല്ലാനോട് സെൻറ് മേരീസിൽ അധ്യാപകനായും പടത്തുകടവ് ഹോളി ഫാമിലിയിൽ പ്രധാനധ്യാപകനായും ജോലി ചെയ്തു. കാറ്റുള്ളമല നിർമല സ്കൂളിൽ പ്രധാനധ്യാപകൻ ആയിരിക്കവേ 1995ൽ വിരമിച്ചു.
സന്ദീപ് കളപ്പുരയ്ക്കൽ

Comments
Post a Comment