തലകീഴായി കിടന്നത് അരമണിക്കൂറോളം; ഒടുവിൽ ആശ്വാസം, തൊട്ടിൽപ്പാലത്ത് തെങ്ങിൽ കുടുങ്ങിപോയ തെങ്ങുകയറ്റ തൊഴിലാളിക്ക് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
തൊട്ടിൽപാലം: തെങ്ങിൽ
കുടുങ്ങിപോയ തെങ്ങുകയറ്റ തൊഴിലാളിയെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടരമണിയോടെ ആയിരുന്നു സംഭവം. ദിവീഷ് ഭവനിൽ ദിവീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിൽ കുളമുള്ള പറമ്പത്ത് മനോജൻ എന്ന ആൾ തെങ്ങ് കയറുന്നതിനിടെ പെട്ടെന്ന് തെങ്ങുകയറ്റ മിഷന്റെ സേഫ്റ്റി ബെൽറ്റ് പൊട്ടുകയായിരുന്നു.
ഇതോടെ 15 മീറ്റർ ഉയരത്തിൽ വെച്ച് തെങ്ങിൽ തലകീഴായി മനോജൻ തൂങ്ങി കിടന്നു. പെട്ടെന്ന് തന്നെ ഉടമസ്ഥൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഏതാണ്ട് അരമണിക്കൂറോളം മനോജൻ തലകീഴായി കിടന്നിരുന്നു. വിവരം ലഭിച്ചതിനനുസരിച്ച് ഉടൻ തന്നെ നാദാപുരം അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ഷമേജ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്തെത്തി എക്സ്റ്റൻഷൻ ലാഡർ, റെസ്ക്യൂ നെറ്റ്,റോപ്പ് റെസ്‌ക്യൂ ടൂൾസ് എന്നിവ ഉപയോഗിച്ച് തെങ്ങിന്റെ മുകളിൽ കയറി മനോജനെ പരിക്കുകൾ ഒന്നുമില്ലാതെ സുരക്ഷിതമായി താഴെ ഇറക്കി. ശേഷം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

Comments
Post a Comment