വട്ടുകുളാരവാവേശം 2025.ചാമ്പ്യൻമാരുടെ ചിറകരിഞ്ഞ് ചാലിടത്തിന്റെ പോരാട്ടവീര്യം



MATCH NO :7...⚽

മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരം.. 🔥

വിക്ടറി ചാലിടം കൂരാച്ചുണ്ട് -
⚽⚽⚽⚽

ക്ലബ് മിലാഷ് വാഴക്കാട്-
⚽⚽

✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  39-മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ
താമരശേരി രൂപത സി.ഒ.ഡി ഡയറക്ടർ ഫാ.സായി പാറകുളങ്ങര, ടൂർണമെന്റ് കമ്മിറ്റി അംഗം ജോസ് കാനാട്ട് എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.

പതിവ് പോലെ ഗ്രൗണ്ടിലേക്കുള്ള ചാലിടത്തിന്റെ വരവ് തന്നെ രാജകീയമായിരുന്നു.. ടീം മാനേജ്മെന്റിന്റെയും ഒരു പറ്റം ആരാധകരുടെയും അകമ്പടിയോടെയാണ് ചാലിടം ടീം ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. കൊട്ടും കുരവയും പാട്ടും പീപ്പിയും. ഹോ.. ഒരുത്സവ മേളം..ന്നാലും ഇത്രേ ആയ സ്ഥിതിക്ക് ഒരു ആനയെ കൂടി കൊണ്ട് വരാമായിരുന്നു എന്നേതോ ആസ്വാദകൻ.. ഫൈനലിൽ അതും കാണാമെന്ന് മറ്റൊരാൾ.. ന്തായാലും ഒരേ പൊളി.. 🔥


കഴിഞ്ഞ മത്സരത്തിൽ മമ്പാടിനോട്‌ കളിച്ച ടീമിൽ കാതലായ മാറ്റങ്ങൾ വരുത്തി പ്രഗത്ഭ താരങ്ങളുടെ ഒരു വൻ നിരയുമായി തന്നെയാണ് ചാലിടം ഇന്നെത്തിയത്. അഞ്ച് വിദേശ താരങ്ങൾ അതിന് മാറ്റു കൂട്ടി.

കഴിഞ്ഞ തവണത്തെ ജേതാക്കൾ എന്ന മേൽവിലാസത്തിലെത്തിയ വാഴക്കാട് ടീമിൽ മലയാളിത്തവും യുവത്വത്തിന്റെ പ്രസരിപ്പും നിറഞ്ഞു നിന്നു.

ചാലിടത്തിന്റെ ടീമിൽ വന്ന മാറ്റത്തിന്റെ റിസൾട് ഗ്രൗണ്ടിൽ കാണാനുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ കളി തുടങ്ങി രണ്ടാം മിനിറ്റിൽ ചാലിടം വാഴക്കാടിന്റെ വല കുലുക്കി. ജഴ്സി നമ്പർ 10 പാറ്റ്റിക്കിന്റെ ബൂട്ടിൽ നിന്ന് ഒരു മനോഹര ഗോൾ.  അതേ നിമിഷം ഗ്യാലറിയുടെ എതിർവശത്തു ചാലിടം ആരാധകർ ആഘോഷത്തിന് തിരി കൊളുത്തി. അവിടെ കൊണ്ട് നിർത്താൻ ചാലിടത്തിന്റെ കളിക്കാർക്ക് മനസില്ലായെന്ന് കളി കണ്ടോൽക്ക് തിരിയാൻ തുടങ്ങി. 10 ആം മിനിറ്റിൽ ധേ കിടക്കുന്നു വാഴക്കാടിന്റെ വലയിൽ ഒരെണ്ണം കൂടി സ്കോർ 2-0. സ്കോർ ചെയ്തത് മറ്റൊരു വിദേശ താരം പെഗ്ഗി. അങ്ങേ വശത്തു മുട്ടിനു ശക്തി കൂടി ഒപ്പം തുള്ളലും.. 🔥


മറുപടി ഗോളിനായി വാഴക്കാട് നല്ല ഇണക്കത്തോടെ കളിക്കാൻ തുടങ്ങി. ഗ്രൗണ്ടിന് പുറത്ത് ടീം മാനേജർ കൃത്യമായ നിർദേശങ്ങളും നൽകുന്നത് കാണാമായിരുന്നു. കുറിയ പാസുകളും, ട്രിബിളുകളുമായി എതിർ ഗോൾ പോസ്റ്റിലേക്ക് നിരന്തര നീക്കങ്ങളുമായി വാഴക്കാട് മുന്നേറിയതിന്റെ റിസൾട്ട് 16ആം മിനിറ്റിൽ ഒരു കിണ്ണംകാച്ചിയ ഗോളിലൂടെ പ്രതിഫലിച്ചു. സ്കോർ 2-1. ചാലിടം ആരാധകർ ഒന്ന് പതറിയോ..? ഹേയ്.. ഒരിക്കലുമില്ല.. അവർക്ക് അത്രക്ക് വിശ്വാസമുണ്ടായിരുന്നു ഈ ടീമിനെ എന്ന് തോന്നുന്നു.

ഗോൾ നേടിയ വാഴക്കാട് ടീം സമയം കളയാതെ നിക്കാൻ ബോളും കൊണ്ടാണ് മൈതാന മധ്യത്തിലേക്ക് വന്നത്.

ചാലിടം ടീം ടെച്ച് ചെയ്യാൻ വരുന്നതും കണ്ടു ഗോളും. 😇

വട്ടുകുളം ടൂർണമെന്റിൽ ഇങ്ങനെ ഒരു ഗോൾ കണ്ടതായി എന്റെ ഓർമ്മയിൽ ഇല്ല, കണ്ടവർക്ക് പറയാം..

മൈതാന മധ്യത്തിൽ നിന്ന് ജേഴ്സി നമ്പർ 9 നിയാസ് ഒരൊറ്റ ഷോട്ട്.. വാഴക്കാടിന്റെ ഗോളിയുടെ കയ്യിന്റെയും ബാറിന്റെയും ഇടയിലൂടെ വാഴക്കാടിന്റെ നെഞ്ചകം കീറി ചാലിടത്തിന്റെ മൂന്നാം ഗോൾ. സ്കോർ 3-1. പിന്നീട് ചടുല നീക്കങ്ങളുമായി ഇരു ടീമുകളും ഗോളിനായി പ്രയത്നിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതി അവസാക്കുമ്പോൾ സ്കോർ 3-1.

രണ്ടാം പകുതിയിൽ വിട്ട് കൊടുക്കാൻ തയ്യാറില്ല എന്ന മട്ടിൽ ഇരു ടീമുകളും കളി തുടർന്ന് കൊണ്ടിരുന്നു. മുന്നേറ്റങ്ങൾ തടഞ്ഞും മറുമുന്നേറ്റങ്ങൾ നടത്തിയും മൈതാനത്ത് ഇരു ടീമുകളും ഓളം സൃഷ്ടിച്ചു കൊണ്ടിരുന്നു. 

ഗോൾ പോസ്റ്റിൽ നടന്ന ഫൗളിനെ തുടർന്ന് മത്സരത്തിന്റെ 42ആം മിനിറ്റിൽ ലഭിച്ച പെനാൽയിലൂടെ പത്താം നമ്പർ താരം പാറ്റ്റിക് വാഴക്കാടിന്റെ വല കുലുക്കിയപ്പോൾ സ്കോർ 4-1. പാറ്റ്റിക് @2..!

മത്സരം വലിയ അനക്കങ്ങളൊന്നും ഇല്ലാതെ പുരോഗമിക്കുന്നതിനിടയിൽ 56ആം മിനിറ്റിൽ ചാലിടത്തിന്റെ ബോക്സിൽ എന്തൊക്കെയോ നടക്കുന്നതും റഫറി പെനാൽറ്റി സ്പോടിലേക്ക് വിരൽ ചൂണ്ടുന്നതും കാണാമായിരുന്നു. ചാലിടത്തിന്റെ ടീം അംഗങ്ങൾ തർക്കങ്ങളുമായി റഫറിയുടെ അടുത്തേക്ക് പാഞ്ഞെത്തിയെങ്കിലും, ഇതെത്ര കണ്ടിരിക്കുന്നു മക്കളെ എന്ന മട്ടിൽ മെയിൻ റഫറി മൻസൂർ അചഞ്ചലമായി നിന്നതോടെ ചാലിടം പിൻവാങ്ങി. വാഴക്കാടിന്റെ പത്താം നമ്പർ താരം മുബീൻ എടുത്ത പെനാൽറ്റി കിക്ക് ചാലിടത്തിന്റെ കീപ്പർക്ക് ഒരവസരവും നൽകാതെ വല കുലുക്കി.. സ്കോർ 4-2.

ഇനി പൊരുതാനുള്ള സമയം ബാക്കിയില്ലാത്തത് കൊണ്ടാവാം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഇരു ടീമുകളും സമയം തള്ളി തള്ളി നീക്കി കൊണ്ടിരുന്നു.. 

ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ 4-2.

ചാലിടം IN, വാഴക്കാട് OUT. 

ഇത്തവണത്തെ ടൂർണമെന്റിലെ മൂന്നാമ്മത്തെ മലപ്പുറം ടീമും കോഴിക്കോടൻ ടീമുകളുടെ ചൂടറിഞ്ഞു. അരീക്കോടിനെ മടക്കിയത് കക്കയം ആയിരുന്നെങ്കിൽ വാഴക്കാടിന് മുമ്പ് മമ്പാടിന് ചാലിടം തന്നെ മടക്ക ടിക്കറ്റ് കൊടുത്തിരുന്നു.

ഓരോ മത്സരത്തിലെയും മികച്ച താരത്തിന് HERO OF THE MATCH നൽകാൻ കമ്മിറ്റി തയ്യാറാകാത്തത് ചർച്ചയായതിനെ തുടർന്ന് വട്ടുകുളം ടൂർണമെന്റിനോട് അനുബന്ധിച്ച് കാൽപന്ത് ആസ്വാദകർ ആരംഭിച്ച വാട്സ്ആപ് കൂട്ടായ്മ തന്നെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കോയിൻസ് കൂരാച്ചുണ്ട് ടീം ആദ്യ ട്രോഫി സ്പോൺസർഷിപ്പും ഏറ്റെടുത്തതോടെ സംഗതി എന്തായാലും ജോർ.. 

ഹാരിസ് പട്ടാളം മുജീബ് കോട്ടോല, സാദിഖ് തലയാട്, വിപിൻ പാറക്കൽ, സുമിൻ വക്കീൽ എന്നീ 
അഞ്ചംഗ സ്ക്രീനിങ് കമ്മിറ്റിക്കായിരുന്നു മികച്ച കളിക്കാരനെ കണ്ടു പിടിക്കേണ്ട ചുമതല കൊടുത്തിരുന്നത്. നിയാസിന്റെ മൈതാന മധ്യത്തിൽ നിന്നുള്ള ഗോളിൽ കിളി പാറി അവൻ മതിയെന്ന് ഉറപ്പിച്ചു നിക്കുമ്പോഴാണ് ചാലിടത്തിന്റെ പാറ്റ്റിക് രണ്ടാം ഗോൾ നേടുന്നത്. സ്ക്രീനിങ് കമ്മിറ്റിക്ക് ആശയകുഴപ്പമുണ്ടാവാൻ വേറെ വല്ലതും വേണോ.. 

 ന്തായാലും അവസാന നിമിഷങ്ങളിൽ നിയാസ് മികച്ച കളി പുറത്തെടുത്തതോടെ ഇന്നത്തെ ഗപ്പ് ചാലിടത്തിന്റെ ജേഴ്സി നമ്പർ 9 നിയാസ് തന്നെ കരസ്ഥമാക്കി. 

ടൂർണമെന്റ് കമ്മിറ്റി സെക്രട്ടറി അനു കടുകൻമാക്കൽ, കോയിൻസ് കൂരാച്ചുണ്ട് ക്ലബ് പ്രതിനിധികളായ സിറാജ് പാറച്ചാലിൽ, പി.കെ.ജെംസിൽ എന്നിവരുടെ സാന്നിധ്യത്തിൽ 
കല്ലാനോട്‌ സെന്റ് മേരീസ് ഹൈസ്കൂൾ പ്രധാനധ്യാപകൻ സജി ജോസഫ്  ഉപഹാരം കൈമാറി. പിന്നിൽ പ്രവർത്തിച്ച തലകളിലൊന്നായ നൗഷാദ് മസ്താൻ ആ രംഗം ക്യാമറയിലുമാക്കുകയും, അനൗൺസറായ ടോമേട്ടൻ മൂന്ന് തവണ മൈക്കിലൂടെ അനൗൺസ് കൂടെ ചെയ്തപ്പോൾ അതും ശുഭം...

വ്യാഴാഴ്ച നടക്കുന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അത്‌ലാന്റിസ് കല്ലാനോട്‌, യുനൈറ്റഡ് എഫ്സി വയനാടുമായി ഏറ്റുമുട്ടും..!




Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി