കൂരാച്ചുണ്ട് - ബാലുശ്ശേരി റോഡിലെ പാലത്തിന്റെ പണി എസ്‌റ്റിമേറ്റിൽ ഉൾപ്പെടുത്തണം
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : പൊതുമരാമത്ത് വകുപ്പിന്റെ കൂരാച്ചുണ്ട് - ബാലുശ്ശേരി റോഡ് നവീകരണ പ്രവൃത്തിയിൽ ആനപ്പാറ കുരിശടിയുടെ സമീപത്തെ പ്രധാന പാലത്തിന്റെ പണി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതി. കാറ്റുള്ളമല പള്ളിയുടെ മുൻവശം മുതൽ പതിയിൽ താഴെ വരെയുള്ള മേഖലയിലാണ് റോഡ് നവീകരിക്കുന്നത്.
1.42 കോടി രൂപയുടെ പ്രവർത്തി ഒരു മാസം മുൻപ് ആരംഭിച്ച് കലുങ്ക് പണി പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ കലുങ്കുകൾ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയെങ്കിലു പ്രധാന പാലത്തിന്റെ പണി ഒഴിവാക്കിയതാണ് പ്രശ്നം. റോഡിൽ വളവുള്ള മേഖലയിൽ പാലം പുനർനിർമിച്ച് വീതി കൂട്ടിയില്ലെങ്കിൽ അപകട സാധ്യതയാകുമെന്നാണ് ആശങ്ക. 40 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെ അപകടത്തിലാണ്. ആനപ്പാറ തോട്ടിലെ വെള്ള ഈ പാലത്തിന്റെ താഴ്ഭാഗത്ത് കൂടിയാണ് ഒഴുകുന്നത്. ഫണ്ടിന്റെ കുറവാണ് പ്രവൃത്തി ഒഴിവാകാൻ കാരണമെന്നും മറ്റൊരു എസ്‌റ്റിമേറ്റിൽ പ്രവൃത്തി നടത്തമെന്നും അധികൃതർ പറയുന്നു. എരപ്പാംതോടു മുതൽ പതിയിൽ വരെ 1.400 കിലോമീറ്റർ ദൂരത്തിൽ 5.50 മീറ്റർ വീതിയിൽ ടാറി ങ്ങും, ഓവുചാലും സംരക്ഷണ ഭിത്തിയും ഉൾപ്പെടുന്നതാണ് ഇപ്പോൾ ആരംഭിച്ച പ്രവൃത്തി. ആനപ്പാറ പാലത്തിന് ഫണ്ട് അനുവദിച്ച് ഇപ്പോൾ നടക്കുന്ന നവീകരണ പ്രവൃത്തിയിൽ തന്നെ പൂർത്തീകരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു..

Comments
Post a Comment