വിജയത്തിന്റെ പാൽപ്പുഞ്ചിരിയുമായി കീർത്തി
✒️നിസാം കക്കയം
കൂരാച്ചുണ്ട് : ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡ് കഴിഞ്ഞ അഞ്ചുവർഷമായി സ്വന്തമാക്കുന്ന കൂരാച്ചുണ്ട് കരിമ്പനക്കുഴി കീർത്തിയും കുടുംബവും ക്ഷീരമേഖലയ്ക്കായി ജീവിതം സമർപ്പിച്ചവരാണ്. ഇരുപതു വർഷത്തിലധികമായി ക്ഷീര കർഷക മേഖലയിൽ സജീവമായ കീർത്തി പത്തുവർഷത്തിലധികമായി ഫാം നടത്തുന്നു.
കരിമ്പനക്കുഴിയിൽ വീട് പുലർച്ചെ മൂന്നുമണിക്കേ ഉണരും. പിന്നെ പശുക്കളെ കുളിപ്പിക്കുന്നതിന്റെയും പാൽ കറക്കുന്നതിന്റെയുമൊക്കെ തിരക്കാണ്. കീർത്തിയും ഭർത്താവ് സിജു കുര്യനും ഒൻപതിൽ പഠിക്കുന്ന മകൻ ജെറിലും തുടങ്ങി എല്ലാവരും പശുക്കൾ ക്കൊപ്പം തന്നെയായിരിക്കും.
കഴിഞ്ഞ 20 വർഷത്തിലധികമായി പശുക്കളാണ് ഈ കുടുംബത്തിന്റെ ജീവനും ലോകവും കൂരാച്ചുണ്ട് ക്ഷീരോത്പാദക സൊസൈറ്റി അംഗമായ
ഇവർ ദിവസവും 300 ലിറ്ററിലധികം പാൽ അളക്കുന്നുണ്ട്. കൂടാതെ, സമീപത്തെ ഇരുപത്തിയഞ്ചിലധികം വീടുകളിലും പാൽ നൽകുന്നു.
രണ്ടുപശുക്കളിൽ നിന്നാണ് കീർത്തിയുടെ തുടക്കം. സർക്കാരിന്റെയും സൊസൈറ്റിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ പശുക്കളുടെ എണ്ണംകൂട്ടി. ഇപ്പോൾ ഫാമിൽ ജഴ്സി എച്ച്. എഫ്. വിഭാഗത്തിൽപ്പെട്ട 22 പശുക്കളും രണ്ട് എരുമകളുമാണുള്ളത്. പരുത്തി പിണ്ണാക്ക്, അവിൽ തവിട്, കപ്പ വേസ്റ്റ്, ചോളപ്പൊടി എന്നിവയാണ് പശുക്കൾക്ക് നൽകുന്ന പ്രധാന ഭക്ഷണം. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തും സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തും തീറ്റ പുൽക്കൃഷിയും നടത്തുന്നുണ്ട്. ഫാമിൽനിന്ന് മികച്ച വരുമാനം ലഭിക്കുന്നതായി ഈ കർഷകകുടുംബം സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.
ഭർത്താവ് സിജു കുര്യൻ, മക്കളായ ജാക്സ് വർഗീസ്,ജെറിൽ വർഗീസ് എന്നിവർ ക്കൊപ്പം കൂരാച്ചുണ്ട് ക്ഷീരോത്പാദകസംഘം, മിൽമ, ക്ഷീരവികസന വകുപ്പ്, മൃഗസംര ക്ഷണവകുപ്പ് തുടങ്ങിയവരുടെ സഹായവും കൂട്ടായ പ്രവർത്തനവുമാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് കീർത്തി പറയുന്നു.
പശുക്കളോടുള്ള ഇഷ്ടംകാരണം ക്ഷീരമേഖലയിൽ അമ്മയൊപ്പം സജീവമായിരുന്ന മൂത്തമകൻ ജാക്സ് വർഗീസ് ഹരിയാണയിൽ വെറ്ററിനറി ബിരുദത്തിനാണ് ചേർന്നിട്ടുള്ളത്.
ആറുതവണ ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരം കീർത്തിയെ തേടിയെത്തിയിട്ടുണ്ട്. ഈ വർഷത്തെ മലബാറിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള സഹകാർ ഭാരതി പുരസ്സാരവും കീർത്തിക്കാണ് ലഭിച്ചത്. ക്ഷീരവകുപ്പിൻന്റെ ക്ഷീരസഹചാരി സംസ്ഥാന അവാർഡ്, പീപ്പിൾസ് ഡെയറി പ്രോജക്ട് അവാർഡ് തുടങ്ങിയ പുരസ്ലാരങ്ങളും കീർത്തിയെ തേടിയെത്തിയിട്ടുണ്ട്.

Comments
Post a Comment