കുട്ടികളുണ്ടോ? പരിശീലിപ്പിക്കാൻ കുളത്തുവയലുകാരുടെ പ്രിയപ്പെട്ട പീറ്റർ സാർ റെഡി
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസിലെ ഓരോ കുട്ടിയും ട്രാക്കിൽ ഇറങ്ങുമ്പോൾ കയ്യിലൊരു ടൈമറുമായി ഒരു മനുഷ്യൻ ഫിനിഷിങ് പോയിന്റിലേക്ക് കണ്ണുംനട്ട് നിശ്ശബ്ദനായി നിൽപുണ്ട്. കുളത്തുവയലുകാരുടെ പ്രിയപ്പെട്ട പീറ്റർ സാർ.
ഒരു ഗ്രാമത്തെ ഒന്നടങ്കം കായികമേഖലയിൽ വളർത്തി ക്കൊണ്ടു വരാൻ പ്രയത്നിക്കുന്ന മനുഷ്യൻ. പതിറ്റാണ്ടുകളായി സ്കൂൾ കായികമേളകളിൽ സ്ഥിരം സാന്നിധ്യം കൂടിയാണ് കെ.എം.പീറ്റർ. ചക്കിട്ടപ്പാറ കരിമ്പനക്കുഴി കെ. എം. പീറ്റർ കുളത്തുവയൽ സ്കൂളിലെ പൂർവവിദ്യാർഥിയാണ്.
സ്കൂളിൽ പഠിക്കുന്ന കാലത്ത് സംസ്‌ഥാന കായികമേളയിൽ ജാവലിൻ ത്രോയിലും ഓട്ടത്തിലുമൊക്കെ സ്വർണമെഡൽ ജേതാവാണ്. സഹകരണ ബാങ്കിലെ സെക്രട്ടറിയായിരിക്കെയാണ് കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങിയത്. ഒളിംപ്യൻ ജിൻസൺ ജോൺസണും നയന ജയിംസുമടക്കമുള്ള അനേകം താരങ്ങളെ വാർത്തെടുക്കുന്നതിൽ പീറ്റർ സാർ പങ്കു വഹിച്ചിട്ടുണ്ട്. എഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ കഴിഞ്ഞ വർഷം പീറ്റർ ഇന്ത്യക്കുവേണ്ടി സ്വർണമെഡലും നേടിയിട്ടുണ്ട്.
✍🏻ജോബി മാത്യു

Comments
Post a Comment