പെരുവണ്ണാമൂഴി ഡാമിലെ ബോട്ട് സർവീസ് മുടങ്ങി;സഞ്ചാരികൾക്ക് നിരാശ
(പെരുവണ്ണാമുഴി ഡാമിൽ ജലസേചന വകുപ്പ് അനുമതി ലഭിക്കാത്തതിനാൽ നിർത്തിയിട്ടിരിക്കുന്ന ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ബോട്ട്)
പെരുവണ്ണാമൂഴി: ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ എത്തുന്ന വിനോദ സഞ്ചാരികൾ ബോട്ടിൽ യാത്ര ചെയ്യാൻ സാധിക്കാതെ നിരാശരായി മടങ്ങുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമുഴി അണക്കെട്ടിൽ 3 വർ ഷം മുൻപാണ് ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റുകൾക്ക് ബോട്ട് സർവീസ് ആരംഭിച്ചത്. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രധാന ആകർഷണവും ഈ ബോട്ട് യാത്രയായിരുന്നു.
2 ബോട്ടുകളിലായി ഒട്ടേറെ ടൂറിസ്റ്റുകൾ ജലാശയവും, കാനന ഭംഗിയും ആസ്വദിച്ച് തിരിച്ചു പോകുന്നത് പതിവായിരുന്നു. ഡാമിൽ ബോട്ടിങ്ങിന് ജലസേചന വകുപ്പ് വർഷംതോറും നൽകി വരുന്ന അനുമതി വൈകുന്നതാണ് പ്രശ്നം. കഴിഞ്ഞ 5 ആഴ്‌ചയിലേറെയായി അനുമതി ലഭിക്കാത്തതിനാൽ സഹകരണ ബാങ്കിന്റെ ബോട്ടിങ് നിർത്തിവച്ചിരിക്കു കയാണ്.
ഓണം സീസണിൽ ഉൾപ്പെടെ ഒട്ടേറെ ടൂറിസ്റ്റുകൾ ബോട്ട് യാത്ര നടത്താൻ കഴിയാതെ മടങ്ങിയതോടെ വൻ സാമ്പത്തിക നഷ്ടവും സംഭവിച്ചു. ഒരാളിൽ നിന്നു ഫീസ് ഇനത്തിൽ 130 രൂപ യാണ് ഈടാക്കുന്നത്. ഇതിൽ 25% ജലസേചന വകുപ്പിനും 18 % ജിഎസ്ടിയും 57 % സഹകരണ ബാങ്കിനും ആണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റ‌് 24ന് ബോട്ട്സർവീസ് അനുമതി അവസാനിച്ചതാണ്. ഒരു വർഷത്തേക്ക് കൂടി ബോട്ടിങ് അനുമതി ലഭിക്കാൻ ജലസേചന വകുപ്പിന് സഹകരണ ബാങ്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഫയൽ ജലസേചന വകുപ്പ് കണ്ണൂർ സുപ്രണ്ടിങ് എൻജിനീയർ ഓഫിസിലാണ് ഇപ്പോഴുള്ള പെരുവണ്ണാമുഴി ടൂറിസ്‌റ്റ് കേന്ദ്രത്തിൽ 30 രൂപ ഫീസ് നൽകി പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾ കാഴ്ചകൾ ഒന്നും ആസ്വദിക്കാൻ കഴിയാതെയാണ് ഇപ്പോൾ മടങ്ങുന്നത്. പൂന്തോട്ടവും കൃത്യമായി പരിചരിക്കാത്തതിനാൽ കാടു കയറിയ നിലയി ലാണ്. ഡാം മേഖല കണ്ടതിനു ശേഷം മുൻപ് താഴത്തെ ഗേറ്റിലൂടെ ടൂറിസ്റ്റുകൾ ഇറങ്ങിയിരുന്നതും സപ്പോർട്ട് ഡാം പ്രവൃത്തി നടക്കുന്നതിനാൽ ഇപ്പോൾ നിർത്തിവച്ചിട്ടുണ്ട്
🧾 ജോബി മാത്യു

Comments
Post a Comment