രാവിലെ ഉണരുമെന്ന് കരുതിയത് അന്ത്യനിദ്രയിലേക്ക് ; കുറ്റ്യാടിയിൽ ഉറക്കത്തിനിടെ 15 വയസ്സുകാരി മരിച്ച നിലയിൽ.
കുറ്റ്യാടി: ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് നാടിനെയാകെ കണ്ണീരിലാഴ്ത്തി. കുറ്റ്യാടി മൊകേരി കോവത്തുമ്മലിൽ വീട്ടിൽ തയ്യുള്ളതിൽ സജീവന്റെ മകൾ വൈഗ (15) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പതിവുപോലെ രാവിലെ ഉണരാതിരുന്നതിനെത്തുടർന്ന് ഏഴരയോടെ വീട്ടുകാർ കുട്ടിയെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിശോധിച്ച ഡോക്ടർമാർ മരണം നേരത്തെ തന്നെ സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ ഹൃദയവാൽവിന് തകരാറുള്ളതിനാൽ കുട്ടി ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു. ഇതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാവാം മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം, മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ വേഗത്തിൽ അറിയാൻ കൂരാച്ചുണ്ട് ന്യൂസ് ലൈവ് (Koorachundu News Live) പിന്തുടരുക.

Comments
Post a Comment