താമരശേരിയിൽ വീട്ടിൽക്കയറി ആക്രമണം; വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

 

താമരശേരി: പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് താമരശേരിയിൽ വീട്ടിൽക്കയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന കാദർ (60), മകൾ നസിയ (36), നസിയയുടെ മകൻ ദിനാൻ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അയൽവാസിയായ മാളിയേക്കൽ ഷരീഫിന്റെ മക്കളായ ഡാനിഷ് (32), ഫാരിസ് (28) എന്നിവരും കണ്ടാലറിയാവുന്ന ഇവരുടെ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് അക്രമം നടത്തിയത്.

കാദറിന്റെ വീട്ടിലേക്കുള്ള സ്വകാര്യ റോഡിൽ വെച്ച് കുട്ടികൾ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഇതിന്റെ അംശങ്ങൾ ശരീരത്തിൽ പറ്റിയെന്ന് ആരോപിച്ച് ഷരീഫ് കുട്ടികളുമായി തർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെയാണ് മക്കളും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ മർദ്ദിച്ചത്. അക്രമിസംഘം കല്ലുപയോഗിച്ച് മർദ്ദിക്കുകയും വീടിന്റെ മതിലിൽ ഇരുന്ന വാക്കത്തി എടുത്ത് വീശുകയും ചെയ്തതായി കുടുംബം പരാതിപ്പെട്ടു.

അതേസമയം, ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യമുണ്ടെന്നും കാദറിന്റെ കുടുംബം ആരോപിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിയായ ഡാനിഷ് സ്വന്തം ഭാര്യയെ വീട്ടിലിട്ട് ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് നസിയ ഇടപെട്ടിരുന്നു. ഈ വൈരാഗ്യമാണ് പടക്കം പൊട്ടിച്ചെന്ന നിസ്സാര കാരണത്തിന്റെ പേരിൽ അക്രമമായി മാറിയതെന്നാണ് പരിക്കേറ്റവരുടെ മൊഴി.

​സംഭവത്തിൽ കാദറിന്റെ പരാതിയിൽ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലായ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി