കക്കയമേ ചങ്കേ ചങ്കിടിപ്പിൽ, ഞാനും

 



ഒരു വ്യാഴവട്ടകാലം മുമ്പ് കക്കയം ദേവാലയത്തിൽ സേവനം ചെയ്ത റവ ഫാ മനീഷ് പാലത്തും തലയ്ക്കൽ ടീം കക്കയത്തിൻെ വട്ടുകുളം ടൂർണ്ണമെൻ്റ് വിജയത്തിലെഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ്


 കക്കയമേ ചങ്കേ ചങ്കിടിപ്പിൽ, ഞാനും


കക്കയമേ, അഭിമാന പുളകിതമായി. കക്കയം എന്നാൽ ആവേശം എന്നർത്ഥം. നാട് മുഴുവൻ കാണികളായി ഗ്യാലറിയിൽ ഉണ്ടെങ്കിൽ അത് കക്കയം ആയിരിക്കും എന്ന് ഉറപ്പ്.

കൊച്ചു പിച്ചടക്കം കുടുംബം മുഴുവൻ നാടിന് പിന്തുണയായി നാടിനൊപ്പം. കൗതുകരമാണ് ആ കാഴ്ച. നയമനോഹരമാണ് ആ അപൂർവ്വ കാഴ്ച

  2026 ഫെബ്രുവരി 1 ഞായർ വൈകുന്നേരം 5 മണി. കല്ലാനോടിന്റെ ഫുട്ബോൾ ഗ്യാലറി. വട്ടുകുളം ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ - കളിക്കളത്തിൽ കക്കയവും ചാലിടവും. വിസിൽ മുഴങ്ങി. കാൽപന്തുകളിയുടെ സൗന്ദര്യമെല്ലാം ഒത്തിണങ്ങിയ കലാശ പോരാട്ടം. ഓരോ നിമിഷവും ആവേശഭരിതമായ നാടകീയത നിറഞ്ഞ രംഗാവിഷ്ക്കാരങ്ങൾ പകർന്നാടിയ നാടകം പോലെ സംഘട്ടനങ്ങളും സംഘർഷങ്ങളും തീവ്രതയും തീഷ്ണതയും മുറ്റി നിന്ന അന്തരീക്ഷം. ചടുലമായ നീക്കങ്ങൾ. ചങ്കിടിപ്പേറ്റിയ മുഹൂർത്തങ്ങൾ.

ഹൃദയം നിലച്ചുപോയ സന്ദർഭങ്ങൾ

  കൈ അകലത്ത് കപ്പ് അകന്നു പോയ കഴിഞ്ഞ വർഷം. കപ്പിനും ചുണ്ടിനും ഇടയിൽ കപ്പ് നഷ്ടപ്പെട്ടതിന്റെ നോവ് ഇന്നലെ നാം തിമിർത്ത് ആഘോഷിച്ച് തീർത്തു. ഒരു വേള കഴിഞ്ഞ കൊല്ലത്തെ തനിയാവർത്തനമാണോ എന്ന് നാം ഉറപ്പിച്ച ഘട്ടം. ഷൂട്ടൗട്ട് മാടി വിളിച്ചപ്പോൾ തോൽവി തൊട്ടരികിൽ തുറിച്ചു നോക്കി വിറുങ്ങലിച്ച് നിന്ന ഘട്ടം. തോൽവിയുടെ ഭാരം താങ്ങാനാകാതെ കണ്ണുപൊത്തിയവരെയും കണ്ണു നിറഞ്ഞവരെയും കളമൊഴിഞ്ഞവരെയും ഷൂട്ടൗട്ട് എന്ന മരീചിക തന്നെ അത്ഭുത ഉറവ തന്ന് കനിഞ്ഞു. 26 വർഷത്തെ കാത്തിരിപ്പ് ദാഹജലം തേടി നടന്ന വേഴാമ്പലിനെപ്പോലെ ആയിരുന്നു നമുക്ക്. നമുക്ക് ഈ കപ്പ് കൂടിയേ തീരൂ ഉള്ളിലെ അഗ്നി അണയ്ക്കാൻ എന്ന ഘട്ടത്തിൽ കാലവും ഭാഗ്യവും ഈശ്വരകടാക്ഷവും ഒപ്പം നിന്നു

   ജന്മം കൊണ്ട് കൂരാച്ചുണ്ടുകാരനായിട്ടും കക്കയത്തിനൊപ്പം നിന്നത് 11 വർഷം കൂടപ്പിറപ്പുകളായി കണ്ട നാടിനോടും നാട്ടുകാരോടും ഉള്ള സ്നേഹവും സൗഹൃദവുമാണ്. നമുക്കിടയിൽ ജാതി മത വർഗ്ഗ വർണ്ണ സ്ത്രീ പുരുഷ വൈജാത്യങ്ങളില്ല. ആ നാട് ഒരു വീടാണ് എന്ന് ഇന്നും നിസംശയം പറയാൻ എന്തോരം കാര്യങ്ങളും കാരണങ്ങളും നമുക്കിടയിൽ ഉണ്ട്. സുഖകരമായ കാലാവസ്ഥ, കുളിർമയുള്ള കാറ്റ്, സുന്ദരിയെപ്പോൽ അണിഞ്ഞൊരുങ്ങി നില്ക്കുന്ന പ്രകൃതി, നിഷ്ക്ക ളകതയും നൈർമല്യവും തുറന്ന മനസ്സും ഹൃദയവും ഒത്തിണങ്ങിയ സഹൃദയരായ സുഹൃത്തുക്കൾ എന്ന വിശേഷണത്തിന് ഉടമകളായ മനുഷ്യർ.

ഇവിടെ കാറ്റിനു സുഗന്ധം

ഇവിടെ പോകാത്തത് വസന്തം.

നിങ്ങളിൽ നിന്ന് അകലെയെങ്കിലും നമ്മുടെ മനസ്സ് ഇന്നും ഒരുമിച്ചാണ്. ഊർജ്ജത്തിന്റെ ഖനിയായ നാടും നാട്ടുകാരും പകർന്ന് തരുന്ന ആവേശിപ്പിക്കുന്ന ഊർജ്ജം എന്നും ആവേശമാണ്.

മലബാറിന്റെ, കുടിയേറ്റ ജനതയുടെ മഹോത്സവമായ കാൽപന്തുകളിയുടെ രാജാക്കന്മാരായി തലയെടുപ്പോടെ ഇന്ന് നമ്മൾ. തലമുറകളിലേയ്ക്ക് ആവേശം ചൊരിയാൻ ആരവങ്ങൾക്ക് കാതോർക്കാൻ

ആശംസകൾ 

വിജയ കാഹളങ്ങൾക്ക് ആഘോഷങ്ങൾക്ക്

എന്റെ ഹൃദയവും നിങ്ങളോടൊപ്പം 

മനസ്സിന്റെ മന്ത്രണങ്ങൾക്കായി കാതോർക്കാം.

ഹൃദയമിടിപ്പുകൾ കാതോർക്കാനായി ഒരു കാതം 

അപ്പുറം ഞാനും ഉണ്ട്. ഒരു വിളിപ്പാടകലെ ഈയുള്ളവനും ഉണ്ട്.

അഭിനന്ദനങ്ങൾ

സ്നേഹപൂർവ്വം,

മനീഷച്ചൻ

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി