മനസ്സിൽ മണവാട്ടിയാകാൻ മോഹിച്ച പെൺകുട്ടിയുടെ അന്ത്യം വീടിനുള്ളിൽ. തന്റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണാൻ പോലും അനുവദിച്ചില്ല, നീറുന്ന നോവായി ശിവമതി...
തിരുനെൽവേലി: പ്രിയതമനൊപ്പം പുതിയൊരു ജീവിതം തുടങ്ങാൻ കൊതിച്ച 19 വയസ്സുകാരിയുടെ സ്വപ്നങ്ങളാണ് ഇല്ലാതായത്. രജിസ്റ്റർ വിവാഹത്തിന് വെറും 4 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ശിവമതി എന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത മരണം. അവള്‍ ജീവനൊടുക്കിയത് അല്ലെന്നും, ജാതിവെറി തീർത്ത മരണം ആണെന്നും ആരോപിച്ച് പ്രതിശ്രുത വരൻ അനന്തകൃഷ്ണൻ എത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറുന്നു...
ജാതിയുടെ വേലിക്കെട്ടുകൾ മറികടന്ന് അനന്തകൃഷ്ണനും, ശിവമതിയും ഒന്നിക്കാൻ തീരുമാനിച്ചത് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ്. പട്ടികജാതിക്കാരനായ യുവാവിനെ മകൾ സ്നേഹിക്കുന്നത് ശിവമതിയുടെ വീട്ടുകാർക്ക് അംഗീകരിക്കാനായില്ല. പക്ഷേ, പ്രണയത്തിൽ ഉറച്ചുനിന്ന ഇരുവരും ഈ മാസം 6ാം തീയതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. അവിവാഹിതരാണെന്ന സർട്ടിഫിക്കറ്റ് വരെ റവന്യൂ വകുപ്പിൽ നിന്ന് കഴിഞ്ഞ ദിവസം അവർ കൈപ്പറ്റിയിരുന്നു..
മരണത്തിന് കേവലം 2 മണിക്കൂർ മുമ്പ് മുത്തശ്ശിയുടെ ഫോണിൽ നിന്ന് ശിവമതി അനന്തകൃഷ്ണനെ വിളിച്ചിരുന്നു. 'വീട്ടുകാർ എന്നെ ക്രൂരമായി ഉപദ്രവിക്കുന്നു, അവർ എന്നെ ഇല്ലാതാക്കും' എന്ന നിലവിളിയായിരുന്നു ആ ഫോണിന്റെ അപ്പുറത്ത്. തന്റെ ജീവൻ അപകടത്തിലാണെന്ന് കരഞ്ഞുപറഞ്ഞ ശിവമതിയുടെ ശബ്ദം അനന്തകൃഷ്ണന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ആ വിളി കഴിഞ്ഞ് അല്പസമയത്തിനുള്ളിലാണ് ശിവമതി ജീവനൊടുക്കി എന്ന വാർത്ത അവനെ തേടിയെത്തിയത്..
തന്റെ പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാൻ പോലും അനന്തകൃഷ്ണനെ അനുവദിച്ചില്ല. മരണ റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപേ തന്നെ ശരീരം തിടുക്കത്തിൽ ദഹിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാനാണെന്ന് അനന്തകൃഷ്ണൻ ആരോപിക്കുന്നു..
പ്രണയിച്ചു എന്ന ഒറ്റ കാരണത്താൽ ഒരു പെൺകുട്ടിയുടെ ജീവൻ കൂടി ഇല്ലാതാകുമ്പോള്‍, അത് തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലകളുടെ ഭീതി നിറയ്ക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണെങ്കിലും, തകർന്നുപോയ ഒരു യുവാവിന്റെ നീതിക്കായുള്ള പോരാട്ടത്തിന് മുന്നിൽ നിയമവ്യവസ്ഥയും ഇപ്പോൾ ചോദ്യചിഹ്നമാണ്...

Comments
Post a Comment