കാസർകോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
കാസർകോട്: കാസർകോട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നിലവിളി കേട്ട് സമീപവാസികൾ എത്തി നോക്കുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോൾ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നതായാണ് വിവരം.
വിദേശത്തായിരുന്ന ഉമർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നാണ് വിവരം. ഇയാൾ ഭാര്യയുമായി വഴക്ക് പതിവായിരുന്നു എന്നും വിവരമുണ്ട്. ഒരുഘട്ടത്തിൽ വിവാഹമോചനമെന്ന തീരുമാനത്തിൽ വരെ എത്തിയിരുന്നു. അടുത്തിടെ ഭാര്യയും ഇയാളും തമ്മിലുള്ള വഴക്ക് മൂർച്ഛിക്കുകയും ലഹരി ഉപയോഗിച്ച് എത്തി ഇയാൾ ബഹളമുണ്ടാക്കിയതുമായാണ് അയൽവാസികൾ പറയുന്നത്. ഇതിന് ശേഷം ഇയാൾ ലഹരി ഉപയോഗം പതിവാക്കിയെന്നും അയൽവാസികൾ പറഞ്ഞു. അടുത്തിടെയായിരുന്നു ജുമൈലയ്ക്ക്പതിനെട്ട് വയസ് തികഞ്ഞത്.

Comments
Post a Comment