അരലക്ഷത്തിന്റെ ലാപ്ടോപ്പ് വിറ്റത് 1500 രൂപയ്ക്ക്; മോഷ്ടാവും വാങ്ങിയ ആളും അറസ്റ്റില്‍

 


റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കവർന്ന അരലക്ഷം രൂപയുടെ ലാപ്ടോപ്പ് 1500 രൂപയ്ക്ക് വിറ്റ മോഷ്ടാവിനെ റെയില്‍വേ പൊലീസ് പിടികൂടി.

മറ്റൊരു യാത്രക്കാരനില്‍ നിന്ന് കവർന്ന 70,000 രൂപ വിലയുള്ള ലാപ്ടോപ്പ് വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ആർ.പി.എഫിന്റെ പിടിയിലായത്. അസാം നൗഗാവോണ്‍ സ്വദേശി അജീബുർ റഹ്മാൻ (23), മോഷണമുതല്‍ വാങ്ങിയ അസാം സ്വദേശി ഫറൂക്ക് ഇസ്ലാം (25) എന്നിവരെയാണ് ആർ.പി.എഫും റെയില്‍വേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

യാത്രക്കാരുടെ വിശ്രമമുറിയില്‍ നിന്ന് കവർന്ന ലാപ്ടോപ്പ് സഹിതം ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അജീബുർ റഹ്മാനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് എറണാകുളം റെയില്‍വേ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍, 21ന് വൈകിട്ട് ആലുവ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ നിന്ന് കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ ലാപ്ടോപ്പ് കവർന്നതും ഇയാളാണെന്ന് സ്ഥിരീകരിച്ചു. ഈ ലാപ്ടോപ്പ് ആലുവ നഗരത്തില്‍ ഓട്ടോയില്‍ പഴവർഗങ്ങള്‍ വിതരണം ചെയ്യുന്ന ഫറൂക്ക് ഇസ്ലാമിന് 1500 രൂപയ്ക്കാണ് വിറ്റത്. ഇതേത്തുടർന്ന് തിങ്കളാഴ്ച ഫറൂക്കിനെയും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 29ന് രാവിലെ ആലുവ സ്റ്റേഷനില്‍ നിന്ന് മോഷണം പോയ ലാപ്ടോപ്പാണ് പിടിയിലാകുമ്പോള്‍ അജീബുർ റഹ്മാന്റെ കൈവശം ഉണ്ടായിരുന്നത്. തൊടുപുഴ മൈലാഞ്ചി സ്വദേശി ബിബിൻ തോമസ് ശുചിമുറിയില്‍ പോയ സമയത്ത് ബാഗ് കവരുകയായിരുന്നു. 70,000 രൂപ വിലയുള്ള ലാപ്ടോപ്പ്, 35,000 രൂപയുടെ മൊബൈല്‍ ഫോണ്‍, 6000 രൂപയുടെ വാച്ച്‌, എ.ടി.എം, ക്രെഡിറ്റ് കാർഡുകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.

നിർമ്മാണത്തൊഴിലാളിയെന്ന നിലയിലാണ് അജീബുർ റഹ്മാൻ ആലുവയില്‍ കഴിഞ്ഞിരുന്നത്. ഇയാള്‍ കൂടുതല്‍ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. മദ്യത്തിനും ലഹരിക്കുമായി പണം കണ്ടെത്താനാണ് മോഷണം നടത്തിയിരുന്നത്. റെയില്‍വേ എസ്.ഐ സാജു പോള്‍, ആർ.പി.എഫ് എസ്.ഐ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി